കൊച്ചി : താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെ യുവനടി നൽകിയ പരാതിയും വിവാദങ്ങളും യോഗത്തിൽ ഉയർന്നേക്കും.
ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറൽ ബോഡി യോഗമാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സെൽ അധ്യക്ഷ ശ്വേത മേനോൻ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിവച്ചിരുന്നു.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി നിരീക്ഷിച്ച കാര്യങ്ങൾ വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന വിഭാഗം പ്രതിരോധമായി ഉന്നയിക്കും. നടൻ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി വിവിധ വിഷയങ്ങളും ചർച്ചയാകും. സംഘടനയുടെ വരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കും യോഗം രൂപം നൽകും. രാവിലെ 10.30നാണ് യോഗം. വൈകിട്ട് നാലിന് അമ്മ ഭാരവാഹികൾ മാധ്യമങ്ങളെ കാണും.