Spread the love

പാലക്കാട്: പാലക്കാട്‌ ‘തങ്കം’ സ്വകാര്യ ആശുപത്രിൽ പ്രസവചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച കേസിൽ രണ്ട് ഡോക്ടർമാരെ പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചിറ്റൂർ തത്തമംഗലത്ത് ചെമ്പകശ്ശേരി എം രഞ്ജിത്തിന്‍റെ ഭാര്യ ഐശ്വര്യയും (25), ആൺകുഞ്ഞും മരിച്ച സംഭവത്തിലാണ് നടപടി. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകളായ ഡോ.പ്രിയദർശിനി, ഡോ.അജിത്ത് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മരിച്ചയാളുടെ ബന്ധുക്കളുടെ പരാതിയിൽ ഐശ്വര്യയുടെയും കുഞ്ഞിന്‍റെയും മരണത്തിലും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ പോസ്റ്റുമോർട്ടം നടത്തിയ പാലക്കാട് ജില്ലാ ആശുപത്രിയും ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം നടത്തിയ തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഡോക്ടർമാരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ബന്ധുക്കളുടെയും ആശുപത്രി ജീവനക്കാരുടെയും മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്.

ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം മെഡിക്കൽ രേഖകൾ പരിശോധിച്ച് ഡിഎംഒയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടും അനുബന്ധ പരിശോധനാ ഫലങ്ങളും ലഭിച്ചാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി എന്തെങ്കിലും മെഡിക്കൽ പിശക് ഉണ്ടോയെന്ന് പരിശോധിക്കും. മെഡിക്കൽ രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിവൈ.എസ്.പി പി.സി ഹരിദാസ്, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം എന്നിവരാണ് അന്വേഷണത്തിൻ നേതൃത്വം നൽകിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് രേഖാമൂലം ലഭിച്ചാലുടൻ തുടർനടപടികൾ പൊലീസ് വേഗത്തിലാക്കും.

By newsten