കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ആറു കോടിയിലേറെപ്പേര്‍. കോവിഡും ലോക്ക്ഡൗണും വകവയ്ക്കാതെയാണ് മെട്രോയുടെ ഈ ‘കോടി’ നേട്ടം. 2017 ജൂൺ 19ന് മെട്രോയുടെ പാസഞ്ചർ സർവീസുകൾ ആരംഭിച്ചപ്പോഴത്തെ കണക്കുകളാണിത്. മെട്രോയിൽ ഇതുവരെ 6,01,03,828 യാത്രക്കാരുണ്ട്.
ഈ വർഷം മെയ് മാസത്തിൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം ശരാശരി 73,000 കടന്നു. ജൂണിൽ ഇത് 62,000 ആയിരുന്നു. നിലവിൽ പ്രതിദിനം ശരാശരി 65,000 യാത്രക്കാരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നത്. 2021 ഡിസംബർ 21ന് യാത്രക്കാരുടെ എണ്ണം 5 കോടി കവിഞ്ഞു. എസ്.എൻ. ജംഗ്ഷൻ, നോർത്ത് ഫോർട്ട് സ്റ്റേഷനുകളിലേക്കുള്ള സർവീസുകൾ ആരംഭിക്കുന്നതോടെ മെട്രോയിൽ ദിവസേന യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.