ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം തേടി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാ കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ക്രൈംബ്രാഞ്ച് തന്റെ മുൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി പീഡന പരാതികൾ ഫയൽ ചെയ്യുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. കേരള സർക്കാരിൽ ഉന്നത സ്വാധീനമുള്ള വി.ഐ.പി സ്ത്രീ കാരണമാണ് ക്രൈംബ്രാഞ്ച് തനിക്കെതിരെ അന്വേഷിക്കുന്നതെന്നും മോൻസൺ ആരോപിച്ചു.
പോക്സോ കേസിലെ അതിജീവിതയുടെ വിസ്താരം പൂർത്തിയായി. കേസിൽ പെൺകുട്ടിയുടെ സഹാദരന്റെയും സഹോദരന്റെ ഭാര്യയുടെയും വിസ്താരം ഇനിയും പൂർത്തിയായിട്ടില്ല. ഇരുവരും വിദേശത്തായതിനാൽ വാദം കേൾക്കൽ വൈകാനാണ് സാധ്യത. അതിനാൽ, മോൻസൺ മാവുങ്കൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
വഞ്ചനാക്കേസിൽ ആദ്യം ചോദ്യം ചെയ്തപ്പോൾ പീഡനത്തെക്കുറിച്ച് പെൺകുട്ടി പരാമർശിച്ചിരുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പീഡനം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയായ ആളായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകനായ രഞ്ജിത്ത് മാരാറാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.