പയ്യന്നൂർ: ജില്ലയിൽ വാനരവാസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ ചികിത്സാ സൗകര്യം വിപുലീകരിച്ചു. കൂടുതൽ രോഗികൾ എത്തിയാൽ ചികിത്സ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. ഇതിനായി പ്രത്യേക വാർഡ് സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്ഥിരീകരിച്ച യുവാവിനെ ഈ വാർഡിലെ ഒരു മുറിയിൽ പ്രവേശിപ്പിച്ചു. ഈ രോഗത്തിന് കൊവിഡ് പോലുള്ള പല സംവിധാനങ്ങളും ആവശ്യമില്ല. വെന്‍റിലേറ്റർ സൗകര്യവും ആവശ്യമില്ല. നിരീക്ഷണം ആവശ്യമാണ്. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില സാധാരണ നിലയിലാണ്. കൊവിഡ് പോലെ വേഗത്തിൽ രോഗം പടരാൻ സാധ്യതയില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല. രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. സുദീപിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്.
കൊവിഡ് പോലെ വേഗത്തിൽ പടരുന്ന രോഗമല്ലെങ്കിലും പി.പി.ഇ കിറ്റ് ധരിച്ചാണ് ഡോക്ടർമാരും ജീവനക്കാരും രോഗിയെ പരിചരിക്കുന്നത്. യുവാവിന്‍റെ കുടുംബാംഗങ്ങൾക്കൊന്നും രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സമ്പർക്കത്തിലുള്ളവർക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ നിരീക്ഷണം ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.