മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. റാവത്തിന്‍റെ വസതിയിലെ റെയ്ഡ് മണിക്കൂറുകളോളം നീണ്ടുനിന്നു. മുംബൈയിലെ റെസിഡൻഷ്യൽ ഏരിയയായ പത്ര ചോളിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ഇഡി റെയ്ഡിലേക്ക് നയിച്ചത്. ഞായറാഴ്ച രാവിലെ ഏഴിനാണ് ഇ.ഡി. ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും മുംബൈയിലെ ഭണ്ഡൂപ്പിലുള്ള റാവത്തിന്‍റെ മൈത്രി വസതിയിൽ എത്തിയത്.
തുടർന്ന് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് റാവത്തിന് ഇഡി രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു. ജൂലൈ 27ന് ഹാജരാകാനാണ് രണ്ടാമത്തെ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ രണ്ട് തവണയും അദ്ദേഹം ഹാജരായില്ല.
മുംബൈയിലെ പത്ര ചോളിന്‍റെ നവീകരണവുമായി ബന്ധപ്പെട്ടും റാവത്തിന്‍റെ ഭാര്യയും അടുത്ത അനുയായികളും നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി റാവത്തിനെ ചോദ്യം ചെയ്യുന്നത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ വേട്ടയാടലിന് ഇരയാണെന്നും റാവത്ത് നേരത്തെ പറഞ്ഞിരുന്നു. ശിവസേനയുടെ രാജ്യസഭാ എംപിയായ റാവത്ത് ഉദ്ധവ് താക്കറെ ക്യാമ്പിലെ പ്രമുഖ അംഗവും പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്ററുമാണ്.