ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പുതുതായി ടാർ ചെയ്ത റോഡ് തകർന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) റിപ്പോർട്ട് തേടി. ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ബെംഗളൂരുവിലെ ജ്ഞാനഭാരതി റോഡ് ആണ് ടാർ ചെയ്തതിനെ തുടർന്ന് തകർന്നത്. ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ കാമ്പസ് ഉദ്ഘാടനം ചെയ്യാനാണ് മോദി തിങ്കളാഴ്ച ഈ റോഡിലൂടെ യാത്ര ചെയ്തത്. ഇതിനു പിന്നാലെ ചൊവ്വാഴ്ചയാണ് റോഡ് തകർന്നത്.
സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധികൃതർക്ക് നിർദ്ദേശം നൽകി. അടുത്തിടെ സ്ഥാപിച്ച ജലവിതരണ ശൃംഖലയുടെ പൈപ്പിലെ ചോർച്ചയാണ് റോഡിന്റെ തകർച്ചയിലേക്ക് നയിച്ചതെന്ന് കരുതുന്നതായി ബസവരാജ് ബൊമ്മൈ ട്വീറ്റ് ചെയ്തു.