ന്യൂഡൽഹി: ഗ്രാമങ്ങളിൽ ശൗചാലയങ്ങൾ നിർമിക്കാൻ നരേന്ദ്ര മോദി സർക്കാർ ഊന്നൽ നൽകിയതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും ബലാത്സംഗ കേസുകൾ കുറഞ്ഞതായി ബിജെപി വക്താവ് സംബിത് പത്ര. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളുടെ സ്കൂളുകൾ സന്ദർശിക്കുന്നതിൽ നിന്നും, സ്ത്രീകളെ കണ്ടുമുട്ടിയതിൽ നിന്നും മോദി ഒരു കാര്യം പഠിച്ചു. രാജ്യത്തെ സ്കൂളുകളിലെ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ആൺകുട്ടികളേക്കാൾ കൂടുതലാണ്. സ്കൂളുകളിൽ ശൗചാലയങ്ങളുടെ അഭാവമാണ് പ്രശ്നമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ, സ്ത്രീകൾ രാത്രിയിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോകുമ്പോഴാണ് മിക്ക ബലാത്സംഗങ്ങളും നടക്കുന്നത്. ശൗചാലയങ്ങൾ ആരോഗ്യവുമായി മാത്രമല്ല, എല്ലാവരുടെയും അന്തസ്സുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചതോടെ പല സംസ്ഥാനങ്ങളിലും ബലാത്സംഗ കേസുകൾ കുറഞ്ഞു.
“ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഒരു പ്രധാനമന്ത്രി ശൗചാലയങ്ങളെക്കുറിച്ച് സംസാരിക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ, മോദി അത് ചെയ്തു. ശൗചാലയങ്ങളുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി,” സാംബിത് പറഞ്ഞു, നിലവിൽ രാജ്യത്തെ ആറ് ലക്ഷത്തിലധികം ഗ്രാമങ്ങൾ തുറസ്സായ സ്ഥലത്തെ മലമൂത്ര വിസർജ്ജനത്തിൽ നിന്ന് മുക്തമായിട്ടുണ്ട്.