തൊടുപുഴ: സി.പി.ഐ നേതാവ് ആനി രാജയ്ക്കെതിരെ അപകീർത്തികരമായ പരാമര്‍ശവുമായി ഉടുമ്പൻചോല എം.എൽ.എ എം.എം മണി. “അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്” എന്നായിരുന്നു എം.എൽ.എയുടെ പരാമർശം. സി.പി.ഐയുടെ വിമർശനം തനിക്ക് പ്രശ്നമല്ലെന്നും സമയം കിട്ടിയാൽ കെ.കെ. രമയ്ക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ രമയ്ക്കെതിരായ മണിയുടെ വിധവാ പരാമർശത്തിൽ ആനി രാജ ഉൾപ്പെടെയുള്ള സി.പി.ഐ നേതാക്കൾ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മണി.
“അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനീം പറയും’- മണി പ്രതികരിച്ചു.