തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ പ്രവർത്തിക്കുന്ന സ്കൂളുകൾ നിർത്തലാക്കാനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവ് തിടുക്കത്തിൽ നടപ്പാക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
ഉത്തരവ് ഹൈക്കോടതിയുടേതല്ലെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവ് കണ്ടിട്ടില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. എല്ലാ സ്കൂളുകളും ഒരു ദിവസം കൊണ്ട് മിക്സഡ് സ്കൂളുകളാക്കി മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിന് അതത് സ്കൂളുകളിലെ അധ്യാപക രക്ഷാകർതൃ സമിതിയാണ് പ്രാഥമിക തീരുമാനം എടുക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനം അംഗീകരിച്ച് വിദ്യാഭ്യാസ വകുപ്പിന് കൈമാറണം. സ്കൂളുകളുടെ ഇത്തരം മാറ്റത്തെ തുടർന്നുള്ള സാമൂഹിക സാഹചര്യങ്ങൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും.