ഹൈദരാബാദ്: മഹാരാഷ്ട്രയിലെ വിജയ തന്ത്രങ്ങളുടെ ബലത്തിൽ തെലങ്കാനയിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ ബി.ജെ.പി. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മേഖലയിലെ 129 ലോക്സഭാ സീറ്റുകളിലും കാലുറപ്പിക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ക്ക് ശനിയാഴ്ച ഹൈദരാബാദിൽ ആരംഭിക്കുന്ന ദേശീയ നിർവാഹക സമിതി യോഗം രൂപം നല്‍കും.
‘മിഷന്‍ ദക്ഷിണേന്ത്യ 2024’ എന്നുപേരിട്ട പ്രവര്‍ത്തനപരിപാടിക്ക് തെലങ്കാനയില്‍ തുടക്കം കുറിക്കും. സംസ്ഥാനത്ത് ടി.ആർ.എസ്. സർക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ഡൽഹിക്ക് പുറത്ത് നിര്‍വാഹകസമിതി യോഗം നടത്തുന്നത്. ഹൈദരാബാദ് ദേശീയ നിർവാഹക സമിതി യോഗത്തിന് ആതിഥേയത്വം വഹിക്കുന്നു. 2004-ലാണ് നഗരത്തില്‍ ഒടുവില്‍ ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗം നടന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവമാകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ നടപ്പാക്കാനാണ് ബിജെപി ആലോചിക്കുന്നത്.