തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പേഴ്സണൽ സ്റ്റാഫിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫ്, കെ ബാബു, മാത്യു കുഴൽനാടൻ, സനീഷ് കുമാർ ജോസഫ് എന്നിവർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വയനാട് എം.പിയുടെ ഓഫീസ് തകർക്കാൻ ആരോഗ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന വ്യക്തി മുൻകൈയെടുത്തുവെന്ന ആരോപണം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എങ്കിൽ പ്രസ്തുത വ്യക്തിയെ പ്രതിപ്പട്ടികയിൽ ചേര്‍ത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ എന്നതായിരുന്നു ചോദ്യം. വയനാട് എം.പിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്നുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെയുള്ള അന്വേഷണത്തിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിൽ ഒരാളെപ്പോലും പ്രതിചേർത്തിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി.