Spread the love

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടിൽ നിന്ന് അടൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉൾപ്പെടെ നാലു പ്രവർത്തകരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

അടൂരിലെ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനത്തിനായി വൈകിട്ട് നാലു മണിക്ക് മന്ത്രി വീട്ടിൽ നിന്ന് ഇറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. അതനുസരിച്ച് എം.ജി. കണ്ണൻ ഉൾപ്പെടെ നാല് പേരാണ് മന്ത്രിയുടെ വീടിന് സമീപം എത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. മന്ത്രിയുടെ വാഹനത്തിന് പിന്നാലെ ഓടിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രധാന റോഡിലേക്ക് കയറുമ്പോൾ കരിങ്കൊടി കാണിച്ചു. പ്രതിഷേധം കാരണം മന്ത്രിയുടെ യാത്ര തടസ്സപ്പെടുകയോ മറ്റേതെങ്കിലും അനിഷ്ടസംഭവങ്ങൾ സംഭവിക്കുകയോ ചെയ്തില്ല.

വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരാൾക്കും പങ്കുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന മന്ത്രിയെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയിൽ മന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നത്. അതേസമയം, പേഴ്സണൽ സ്റ്റാഫ് അംഗമായ അവിഷിത്ത് ഈ മാസം ആദ്യം ജോലി രാജിവച്ചതായി മന്ത്രി വിശദീകരിച്ചു.

By newsten