Spread the love

ഭരണഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള മന്ത്രി സജി ചെറിയാന്‍റെ പരാമർശങ്ങൾ രാജ്യവിരുദ്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സജി ചെറിയാന്‍റെ വിശദീകരണം പരാമർശത്തെ സാധൂകരിക്കുന്നതാണ്. ഭരണഘടനയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് മന്ത്രി തെളിയിക്കുന്നത്. ഭരണഘടനയോടുള്ള കൂറില്ലായമയാണ് മന്ത്രി പ്രകടിപ്പിച്ചതെന്നും വി മുരളീധരൻ പറഞ്ഞു. ബ്രിട്ടീഷുകാർ പറഞ്ഞത് മാത്രം കാണുന്ന മന്ത്രിയുടെ പ്രസ്താവന അജ്ഞത മാത്രമല്ലെന്നും അദ്ദേഹം വിമർശിച്ചു.

സംഭവത്തെ നിസ്സാരവത്കരിക്കാൻ സി.പി.എം നേതൃത്വം ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ആവർത്തിക്കുന്നത് എങ്ങനെയാണ് നാക്കു പിഴ ആകുന്നത്? അങ്ങനെയുള്ള ഒരാളെ മന്ത്രിസഭയിൽ നിലനിർത്താൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. മുഖ്യമന്ത്രി മൗനാനുവാദം നൽകിയാൽ ഭരണഘടനയെ അവഹേളിക്കാൻ മന്ത്രിയും കൂട്ടുനിൽക്കുകയാണ്. സജി ചെറിയാന്‍റെ രാജി മുഖ്യമന്ത്രി രേഖാമൂലം എടുക്കണം. മാപ്പ് പറയാൻ പോലും മന്ത്രി തയ്യാറായില്ലെന്നും വി മുരളീധരൻ പറഞ്ഞു.

അതേസമയം വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. തന്‍റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റായി തെറ്റിദ്ധരിച്ചതിന് ഞാൻ എന്‍റെ സങ്കടവും ഖേദവും പ്രകടിപ്പിക്കുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന സമയമാണിത്. തന്‍റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് താനെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

By newsten