നഞ്ചിയമ്മയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. സംഗീതത്തിന്റെ പഠനവഴികളിലൂടെ യാത്ര ചെയ്തല്ല നഞ്ചിയമ്മ പുരസ്കാരം നേടിയത്. കല്ലുകളും മുള്ളുകളും മുറിച്ചുകടന്ന് ആടുകളെ മേയിച്ച് നടന്ന ആളാണ് നഞ്ചിയമ്മ. അക്കാദമിക് പശ്ചാത്തലമുള്ളവർക്ക് മാത്രം അവാർഡ് ലഭിക്കണമെന്നില്ല. ലോകാത്ഭുതങ്ങളിൽ ഒന്നാണ് നഞ്ചിയമ്മയും അവരുടെ സംഗീതവും. നഞ്ചിയമ്മയുടെ നേട്ടം ലോകത്തിനാകെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി നക്കുപതി ഊരിലെത്തി നഞ്ചിയമ്മയെ സംസ്ഥാന സർക്കാരിന്റെ അഭിനന്ദനം അറിയിച്ചു.
അവാർഡ് വിവാദത്തിൽ താന്‍ കാര്യമാക്കുന്നില്ലെന്നായിരുന്നു നഞ്ചിയമ്മ പറഞ്ഞത്. വിമർശനം ഒരു വിഷയമേയല്ല. തന്റെ ഹൃദയം കൊണ്ട് സംഗീതവുമായി സംവദിക്കുന്ന നഞ്ചിയമ്മ, ലോകത്തിന്റെ മുഴുവൻ സ്നേഹവും തനിക്ക് വേണമെന്നും പറഞ്ഞു.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നൽകിയത് വർഷങ്ങളുടെ സംഗീത പാരമ്പര്യമുള്ള സംഗീതജ്ഞരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് വിമർശനമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നഞ്ചിയമ്മ മനസ് തുറന്നത്.