തിരുവനന്തപുരം: മിൽമ പാലിന്റെ വില 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. കാർഷിക, വെറ്ററിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ സംസ്ഥാനത്തെ കർഷകർക്കുണ്ടായ നഷ്ടം ലിറ്ററിന് 8.57 രൂപയാണെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ നഷ്ടം നികത്താൻ വില വർദ്ധിപ്പിക്കണമെന്നാണ് ശുപാർശ.
മൂന്ന് തരം വില വർദ്ധനവാണ് ശുപാർശ ചെയ്തിരിക്കുന്നത്. 4 പശുക്കളിൽ കുറവുള്ള കർഷകർക്ക് ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ നിലവിൽ 49.05 രൂപയും 4-10 പശുക്കളുള്ള കർഷകർക്ക് 49.33 രൂപയും 10 പശുക്കളിൽ കൂടുതലുള്ള കർഷകർക്ക് 46.68 രൂപയുമാണ് ചെലവ്. സംഭരണ വില 37.76 രൂപയായതിനാൽ കർഷകർ വലിയ നഷ്ടമാണ് നേരിടുന്നത്.
9 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നതിനാൽ വർദ്ധനവ് അനിവാര്യമാണെന്നാണ് ശുപാർശ. അഞ്ച് രൂപയിൽ കുറയാത്ത വർദ്ധനവുണ്ടാകുമെന്ന് മന്ത്രി ചിഞ്ചുറാണി നേരത്തെ സൂചന നൽകിയിരുന്നു.