ലോകത്തിലെ ആദ്യ ടെക്സ്റ്റ് സന്ദേശം ഇന്ന് അതിന്‍റെ 30-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1992 ഡിസംബർ 3ന് യുകെയിലെ വോഡഫോൺ എഞ്ചിനീയറാണ് ആദ്യ സന്ദേശം അയച്ചത്. “മെറി ക്രിസ്മസ്” എന്നായിരുന്നു സന്ദേശം. ഒരു ക്രിസ്മസ് പാർട്ടിയിൽ പങ്കെടുക്കാനെത്തിയ തന്‍റെ സഹപ്രവർത്തകനായ റിച്ചാർഡ് ജാർവിസ്സിന് സന്ദേശം അയച്ചതോടെയാണ് എഞ്ചിനീയറായ നീൽ പാപ്‍വോർത്ത് ചരിത്രം സൃഷ്ടിച്ചത്.
ഇന്ന്, സന്ദേശങ്ങളുടെ രൂപം വളരെയധികം മാറിയിരിക്കുന്നു. വാട്ട്സ്ആപ്പ് പോലുള്ള മെസഞ്ചർ ആപ്ലിക്കേഷനുകളുടെ വരവോടെ ടെക്സ്റ്റ് സന്ദേശങ്ങളുടെ സ്വീകാര്യത കുറഞ്ഞു. നെറ്റ്‍വർക്ക് സേവന ദാതാക്കളും ടെലിമാർക്കറ്റിംഗ് കമ്പനികളുമാണ് ഇന്ന് കൂടുതൽ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുന്നത്. എന്നിരുന്നാലും, ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കുന്ന ആളുകളും കുറവല്ല.
2021 ൽ 4,000 സന്ദേശങ്ങൾ യുകെയിൽ അയക്കപ്പെട്ടുവെന്നാണ് കണക്ക്. 2012 ൽ ഇത് 15,000 കോടിയായിരുന്നു. സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം ലോകമെമ്പാടും ഇന്ന് പ്രതിദിനം 10,000 കോടി വാട്സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്.