കൊച്ചി: ജോലിസ്ഥലത്തെ മാനസിക പീഡനമെന്ന പരാതിയില്‍ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എച്ച്.ആർ. വകുപ്പിലെ ജനറൽ മാനേജർക്കെതിരെ ആഭ്യന്തര അന്വേഷണം.
ഇവർക്കെതിരെ നടപടി വേണമെന്ന് കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. മെട്രോ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരിയാണ് പരാതി നൽകിയത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. തന്നെ അമിതമായി അധിക്ഷേപിച്ചതായി യുവതി വെളിപ്പെടുത്തി. ഇതേതുടർന്ന് യുവതി മാനസികമായി തളർന്നു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിലെ കോർപ്പറേറ്റ് ഓഫീസിന്റെ മുകളിലത്തെ നിലയിൽ കയറിയ യുവതിയെ ജീവനക്കാർ അനുനയിപ്പിച്ചാണ് താഴെയിറക്കിയത്.
ആരോപണവിധേയയായ ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി പരാതികളുണ്ടെന്ന് മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പറയുന്നു. നടപടിയെടുത്തില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.