ഷിംല: ഹിമാചൽ പ്രദേശിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എമാർ വെള്ളിയാഴ്ച ഷിംലയിൽ യോഗം ചേർന്ന് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കും. വൈകിട്ട് മൂന്നിന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനമായ രാജീവ് ഭവനിലാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നത്.
ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് ചുമതലയുള്ള രാജീവ് ശുക്ല, നിരീക്ഷകരായ ഭൂപേഷ് ബാഗൽ, ഭൂപേന്ദ്ര ഹൂഡ എന്നിവരും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗത്തിൽ പാസാക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് ആരെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയില്ല.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കേണ്ടതെന്ന കാര്യത്തിൽ പാർട്ടിക്ക് മുന്നിൽ വലിയ വെല്ലുവിളിയുണ്ട്. ഹിമാചൽ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്, മുൻ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഖ്വീന്ദർ സുഖു, മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരാണ് മുഖ്യമന്ത്രിക്കസേരയിൽ കണ്ണുവയ്ക്കുന്നത്.