Spread the love

തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബെഞ്ച് മാറ്റിയതിനെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നുവെന്നും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അവിടെ ജെൻഡർ ന്യൂട്രൽ ബസ് ഷെൽട്ടർ നിർമ്മിക്കുമെന്നും ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ രാജ്യത്ത് പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് കരുതുന്നവർ കാളവണ്ടി യുഗത്തിലാണ് ജീവിക്കുന്നതെന്നും അവർ പറഞ്ഞു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മാറ്റിയതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടിക്ക് വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്ത് മുൻ എംഎൽഎ വി ടി ബൽറാമും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ വെയിറ്റിംഗ് ഷെഡിലെ ബെഞ്ച് വെട്ടിപ്പൊളിച്ച് ചിലർ മൂന്ന് സീറ്റാക്കി മാറ്റിയിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും കൂട്ടമായി ഇരിക്കുകയാണെന്നായിരുന്നു അവരുടെ പരാതി. ഇതിൻ മറുപടിയായാണ് വെയിറ്റിംഗ് ഷെഡിൽ ഒരുമിച്ചുള്ള ചിത്രം വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “വിശദീകരണങ്ങളുടെ ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. തിരുവനന്തപുരം സി.ഇ.ടി.യിലെ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ ” – വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ കെ.എസ് ശബരീനാഥനും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. “സി.ഇ.ടി (തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്) പരിസരത്തുള്ള വെയിറ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ച് മൂന്ന് സീറ്റാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി! ഇതിന് CET-യിലെ മിടുക്കൻ മനോഹരമായ ഒരു ഉത്തരം നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു”ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

By newsten