കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതി നടന്നെന്ന പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം സി കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു മഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും മുൻകൂർ ജാമ്യത്തിൽ വിട്ടയച്ചു.
മട്ടന്നൂർ ടൗണിലെ ജുമാമസ്ജിദ് പുനർനിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ഇവർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ നിർമ്മാണത്തിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2011 മുതൽ 2018 വരെ പള്ളിക്കമ്മിറ്റി ഭാരവാഹികൾ ആയിരുന്നവർക്കെതിരെയാണ് പരാതി.
മൂന്ന് കോടി രൂപ ചെലവ് വരുന്ന നിർമ്മാണത്തിനായി 10 കോടിയോളം രൂപ കാണിച്ചതായി പരാതിയിൽ പറയുന്നു. അക്കൗണ്ടിൽ കാണിച്ചിരിക്കുന്ന തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്കെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും ആരോപണമുണ്ട്.