വാഷിങ്ടണ്‍: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ട്വിറ്ററിൽ കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ ഓഫീസുകള്‍ അടിയന്തരമായി അടച്ചിടുന്നുവെന്നും നവംബര്‍ 21ന് വീണ്ടും തുറക്കുമെന്നും അറിയിച്ച് തൊഴിലാളികള്‍ക്ക് ട്വിറ്റര്‍ ഇ-മെയില്‍ വഴി സന്ദേശം അയച്ചു.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 3000ഓളം ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. പുതിയ തീരുമാനങ്ങൾ അംഗീകരിക്കാനാകുന്നവർ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മസ്‌ക് ജീവനക്കാർക്ക് ഇ-മെയിൽ അയച്ചിരുന്നു. ‘പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ’ എന്ന പോളിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം നിലപാട് അറിയിക്കാനാണ് നിർദേശം നൽകിയത്. അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ട രാജി.
നൂറുകണക്കിന് ജീവനക്കാർ ട്വിറ്ററിന്റെ ഇന്‍റേണൽ മെസ്സേജിങ് പ്ലാറ്റ്ഫോമായ സ്ലാക്കിൽ രാജിവെച്ചതായുള്ള സന്ദേശങ്ങളും ഇമോജികളും പോസ്റ്റ് ചെയ്തതായും മസ്‌കിന്റെ അന്ത്യശാസനം വേണ്ടെന്ന് അറിയിച്ചതായുമാണ് റിപ്പോർട്ട്. നിശ്ചിത സമയത്തിനകം വിവരം അറിയിക്കാത്തവരെ മൂന്നു മാസത്തെ ശമ്പളം നൽകി പിരിച്ച് വിടുമെന്ന് മസ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വലിയ തോതിൽ മത്സരം നിറഞ്ഞ ലോകത്ത് വിജയിക്കാൻ തീവ്രമായി പണിയെടുക്കേണ്ടി വരുമെന്നാണ് ഇ-മെയിൽ സന്ദേശത്തിൽ മസ്‌ക് ചൂണ്ടിക്കാട്ടിയത്. അങ്ങനെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കു മാത്രമേ മുന്നോട്ടുപോകാനാകൂവെന്നും മസ്‌ക് അറിയിച്ചിരുന്നു. മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ആകെയുള്ള 7,500 ജീവനക്കാരിൽ പകുതിയിലേറെ പേരെയും പിരിച്ച് വിട്ടിരുന്നു.