ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് -19 കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാന യാത്രക്കാർക്കായി ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാസ്ക് ധരിക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിജിസിഎ നിർദ്ദേശം നൽകി.
മാസ്ക് ധരിക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിക്കും. വിമാനം പുറപ്പെടുന്നതിന് മുമ്പ് അത്തരം യാത്രക്കാരെ ഒഴിപ്പിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. വിമാനത്താവളത്തിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണെന്നും ഡിജിസിഎ കൂട്ടിച്ചേർത്തു.
മാസ്ക് ധരിക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും എത്തുന്ന വിമാന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് പൂർണമായും ഭേദമായിട്ടില്ലെന്നും രോഗം കൂടുതൽ പടരാൻ സാധ്യതയുണ്ടെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മാർഗനിർദേശങ്ങൾ പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കണമെന്നും ഇത്തരക്കാരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.