ന്യൂഡൽഹി: കോൺഗ്രസ് എംപി മനീഷ് തിവാരി അഗ്നിപഥിനെ പിന്തുണച്ച് ലേഖനവുമായി രംഗത്തെത്തി. അതേസമയം, മനീഷ് തിവാരിയുടെ വിലയിരുത്തലുകൾ തികച്ചും വ്യക്തിപരമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇത് രണ്ടാം തവണയാണ് മനീഷ് തിവാരി അഗ്നിപഥിനെ പിന്തുണച്ച് രംഗത്ത് വരുന്നത്.
മനീഷ് എഴുതിയ ലേഖനം അനുസരിച്ച്, അഗ്നിപഥിന് പ്രതിരോധ രംഗത്ത് ഒരു കാതലായ മാറ്റം കൊണ്ടുവരാൻ കഴിയും. സംയുക്ത സേനാമേധവി നിയമനവും തിയേറ്റർ കമാൻഡ് രൂപീകരണവും സേനയെ കൂടുതൽ ശക്തിപ്പെടുത്തും. ഭാവിയിൽ, യുദ്ധഭൂമിയിലെ മനുഷ്യരുടെ എണ്ണം കുറയുകയും കൂടുതൽ ആയുധങ്ങളും സാങ്കേതികവിദ്യകളും വരികയും ചെയ്യും. അഞ്ചാം തലമുറ യുദ്ധത്തിന് അഗ്നിപഥ് നിയമനങ്ങൾ ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ അഭിപ്രായം തികച്ചും വ്യക്തമാണെന്നും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അഗ്നിപഥ് പദ്ധതി ദേശവിരുദ്ധവും യുവജനവിരുദ്ധവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.