മംഗളൂരു: സൂറത്കലിൽ നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്ന് വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയാണ് നടക്കുന്നത്. സൂറത്കല്ലിൽ തുണിക്കട നടത്തുന്ന മംഗലപ്പെട്ട സ്വദേശി ഫാസിൽ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ചാണ് ഫാസിലിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
മങ്കി ക്യാപ് ധരിച്ചെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. വെട്ടിവീഴ്ത്തി കൊലപ്പെടുത്തിയ ശേഷം സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവർ പുറത്തിറങ്ങിയെങ്കിലും അക്രമികൾ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ജൂലൈ 26ന് വൈകുന്നേരം ജില്ലയിലെ സുള്ള്യയിൽ ബിജെപി യുവപ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ഇതിന് പരോക്ഷമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
അതേസമയം, കൊലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. പ്രതികൾ എത്തിയ കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് മംഗളൂരുവിൽ ക്യാമ്പ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.