തിരുവനന്തപുരം: തിരുവനന്തപുരത്ത് മ്യൂസിയം പരിസരത്ത് പ്രഭാത സവാരിക്ക് പോയ യുവതിയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിൽ വച്ച് ഒരു യുവതിയ്ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. പ്രതിയെ പിടികൂടാൻ കഴിയാത്തതിന്റെ പേരിൽ പല കോണുകളിൽ നിന്നും പൊലീസിന് വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുറവൻകോണത്തെ വീട്ടിൽ ഒരാൾ അതിക്രമിച്ച് കയറിയെന്ന വാർത്ത പുറത്തുവന്നത്. മ്യൂസിയത്തിൽ വച്ച് ഇതേ വ്യക്തിയാണ് തന്നെ ആക്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ പോലീസ് ഇത് നിഷേധിച്ചു.
പിന്നീട് കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളുടെയും വാഹനങ്ങളുടെയും അടിസ്ഥാനത്തിൽ ഇരുവരും ഒന്നാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതേതുടർന്ന് ഷാഡോ പോലീസ് ഇപ്പോൾ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.