Spread the love

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെക്ക് അഗ്നിപരീക്ഷയായി ഇന്ന് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് . ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം. ഷിൻഡെയ്ക്കൊപ്പമുള്ള ശിവസേന വിമതരുടെ വോട്ടുകൾ നിർണായകമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് മുംബൈയിൽ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഗോവയിലെ റിസോർട്ടിൽ താമസിച്ചിരുന്ന വിമത ശിവസേന എംഎൽഎമാർ മുംബൈയിലേക്ക് മടങ്ങി. ഇന്നലെ രാത്രി ഗോവയിൽ നിന്ന് വിമാനമാർഗമാണ് എംഎൽഎമാർ മുംബൈയിലെത്തിയത്. മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലിലാണ് എംഎൽഎമാർ എത്തിയത്. ബിജെപി എംഎൽഎമാരും ഇതേ ഹോട്ടലിലാണ് താമസിക്കുന്നത്. ഇരുപാർട്ടികളും രാവിലെ ഇവിടെ നിന്ന് നിയമസഭയിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

അതേസമയം, ഏക്നാഥ് ഷിൻഡെയെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ശിവസേന നീക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഉദ്ധവ് താക്കറെ ഷിൻഡെയ്ക്ക് അയച്ച കത്തിൽ പറയുന്നു. വിമത നീക്കം ആരംഭിച്ചതിന് തൊട്ടുപിന്നാലെ നിയമസഭാ കക്ഷി നേതാവ് സ്ഥാനവും ഷിൻഡെയിൽ നിന്ന് നീക്കം ചെയ്തു.

By newsten