അട്ടപ്പാടി മധു കേസിലെ 12ാം സാക്ഷി കൂറുമാറിയ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മധു കേസിലെ കള്ളക്കളി സർക്കാർ ഉപേക്ഷിച്ച് നീതിപൂർവ്വം പ്രവർത്തിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് നീതി ലഭ്യമാക്കുന്നതിൽ സർക്കാരിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയുടെ ഫലമാണ് മധു കേസിലെ സാക്ഷികളുടെ വഴിത്തിരിവ്. തട്ടിപ്പു ഉപേക്ഷിക്കാനും നീതിയുക്തമായും ഫലപ്രദമായും പ്രവർത്തിക്കാനും സർക്കാരിനും അധികാരികൾക്കും ഇപ്പോൾ കഴിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് മാപ്പർഹിക്കാത്ത കുറ്റമായിരിക്കും. വി എം സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
അട്ടപ്പാടി മധു കേസിലെ 12-ാം സാക്ഷിയായ ഫോറസ്റ്റ് വാച്ചർ അനിൽകുമാറാണ് അവസാനമായി കൂറുമാറിയത്. നേരത്തെ കേസിലെ 10, 11 സാക്ഷികൾ കൂറുമാറിയിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണനും മധുവിന്റെ ബന്ധു കൂടിയായ പതിനൊന്നാം സാക്ഷി ചന്ദ്രനും നേരത്തെ കൂറുമാറിയിരുന്നു. വിചാരണ തുടങ്ങിയപ്പോൾ തന്നെ സാക്ഷി കൂറുമാറി. മധുവിനെ അറിയില്ലെന്നും പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്ന് നേരത്തെ കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും അനിൽകുമാർ കോടതിയെ അറിയിച്ചു.