താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറിന്‍റെ വാതിലിന്‍റെ വശങ്ങളിൽ ഇരുന്ന് അരയ്ക്ക് മുകളിലേക്കുള്ള ശരീരഭാഗങ്ങൾ പുറത്തേക്കിട്ട് യുവാക്കൾ നടത്തിയ അപകടകരമായ യാത്രയിൽ നടപടി . ബുധനാഴ്ച രാത്രിയാണ് മലപ്പുറം മുണ്ടാർപറമ്പിലെ ഒരു കോളേജിലെ ബിരുദ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ ചുരം വഴി യാത്ര ചെയ്തത്. കാറിലുണ്ടായിരുന്ന മലപ്പുറത്ത് നിന്നുള്ള അഞ്ചംഗ സംഘത്തിലെ മൂന്നുപേർ ഗ്ലാസുകൾ താഴ്ത്തി വശത്തെ വാതിലിലിരുന്ന് ആരവം മുഴക്കി.
കാറിന് പിന്നിലെ യാത്രക്കാർ പകർത്തിയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പരാതിയായി രംഗത്തെത്തുകയും ചെയ്തതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
അപകടകരമായി സഞ്ചരിച്ച ഇന്നോവ കാർ കണ്ടെത്തി ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ഏറനാട് തൊട്ടിലങ്ങാടി സ്വദേശി ആദിലിന്‍റെ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യും. കോഴിക്കോട് എൻഫോഴ്സ്മെന്‍റ് ആർടിഒ ഷൈനി മാത്യു, എംവിഐ പി ജി സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്.