തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരായ എം.എം. മാണിയുടെ ‘വിധവ’ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എം.എം. മാണി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ പ്ലക്കാർഡുകളുമായി പ്രതിപക്ഷ എംഎൽഎമാർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
‘വിധിയല്ല, അത് പാര്‍ട്ടി കോടതി വിധിച്ചതാണ്’, ‘ടിപിയെ കൊന്നുതള്ളിയിട്ടും സിപിഎമ്മിന് പക അടങ്ങുന്നില്ല’, ‘കൊല്ലാം തോല്‍പ്പിക്കാനാകില്ല’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ചന്ദ്രശേഖരൻ വധം പാർട്ടി കോടതിയുടെ വിധിയാണെന്ന് വിഡി സതീശൻ പറഞ്ഞു. അത് വിധിച്ച ജഡ്ജി ആരാണെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ടി.പി ചന്ദ്രശേഖരന്റെ വിധവയെ നിയമസഭയിൽ അപമാനിച്ച എം.എം മണി പരാമർശം പിൻവലിച്ച് മാപ്പ് പറയണം. അദ്ദേഹം സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.