കശ്മീർ : സ്ത്രീധന പീഡനവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗാർഹിക പീഡനവും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. നമ്മുടെ ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണവും ആശങ്കാജനകമാണ്. സ്ത്രീധന നിരോധന നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഇവിടെ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന വസ്തുത തള്ളിക്കളയാനാവില്ല. എന്നാൽ കശ്മീരിലെ ഒരു ചെറിയ ഗ്രാമം ലോകത്തിന് തന്നെ മാതൃകയാണ്.
മലകളാലും വയലുകളാലും ചുറ്റപ്പെട്ട പച്ചപ്പ് നിറഞ്ഞ മനോഹരമായ ഒരു ഗ്രാമമാണിത്. കാഴ്ചയുടെ കാര്യത്തിൽ മാത്രമല്ല, ആചാരങ്ങളുടെ കാര്യത്തിലും ഈ സ്ഥലം വളരെ വ്യത്യസ്തമാണ്. പേര് ബാബാ വയിൽ എന്നാണ്. മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സ്ത്രീധന രഹിത ഗ്രാമം എന്നാണ് ഇത് അറിയപ്പെടുന്നത്. ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ ആഡംബര വിവാഹങ്ങളും സ്ത്രീധനവും നിരോധിച്ചിരിക്കുകയാണ്.
വിവാഹശേഷം ഒരു വധു തന്റെ ഭർതൃവീട്ടിലേക്ക് കൊണ്ടുവരുന്ന സ്വത്തോ പണമോ ആണ് സ്ത്രീധനം. ഈ ഗ്രാമത്തിൽ സ്ത്രീധനം കർശനമായി നിരോധിച്ചിരിക്കുന്നതിനാൽ, എല്ലാ ഗ്രാമീണരും ഗ്രാമമുഖ്യൻമാരും അധികാരികളും സ്ത്രീധനം വാങ്ങുകയോ നൽകുകയോ ചെയ്യില്ലെന്ന് ഒരു സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ടിട്ടുണ്ട്.