ബെംഗളൂരു: ലുലു ഗ്രൂപ്പ് കർണാടകയിൽ 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ബെംഗളൂരുവിൽ പുതിയ ഷോപ്പിംഗ് മാളും ഭക്ഷ്യ കയറ്റുമതി യൂണിറ്റും സ്ഥാപിക്കും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കാര്യം അറിയിച്ചത്.
2,000 കോടി രൂപയുടെ അധിക നിക്ഷേപത്തിനായി ലുലു ഗ്രൂപ്പ് കർണാടക സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ധാരണാപത്രം ഒപ്പിട്ടത്. ബെംഗളൂരുവിലെ പുതിയ വിമാനത്താവളത്തിന് സമീപം ലുലു ഷോപ്പിംഗ് മാൾ തുറക്കും. ബെംഗളൂരുവിലെ ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണിത്. ഇതിനായി സ്ഥലം അനുവദിക്കാനും ധാരണയായി.
കർണാടകയിൽ വിപുലമായ ഭക്ഷ്യ കയറ്റുമതി യൂണിറ്റും സ്ഥാപിക്കുന്നുണ്ട്. ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക്സ് സെന്റർ വഴി കർണാടകയിലെ കാർഷിക മേഖലയിൽ നിന്ന് ശുദ്ധമായ പഴങ്ങളും പച്ചക്കറികളും സംസ്കരിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ചെയിന്‍ പദ്ധതിയാണ് ഫുഡ് പ്രോസസ്സിംഗ് ഫോർ എക്സ്പോർട്ട് ഓറിയന്റഡ് യൂണിറ്റ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ യൂസഫലിയുമായി കർണാടക മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായാണ് നിക്ഷേപം.