Spread the love

കബനി : കബനി വനത്തിന്റെ തലയെടുപ്പുള്ള കൊമ്പനാന ഭോഗേശ്വര ചരിഞ്ഞു. 70 വയസുള്ള ആനയുടെ ജഡം കഴിഞ്ഞ ദിവസമാണ് നാഗളം വനമേഖലയിൽ കണ്ടെത്തിയത്. നിലത്ത് പതിക്കുന്ന നീണ്ടതും വളഞ്ഞതുമായ കൊമ്പുകളായിരുന്നു ഈ ആനയുടെ പ്രത്യേകത. ഏഷ്യയിലെ ആനകളിൽ ഏറ്റവും നീളമുള്ള കൊമ്പ് ഭോഗേശ്വരയുടേതായിരുന്നു. കൊമ്പുകളുടെ നീളം യഥാക്രമം 2.54 മീറ്ററും 2.34 മീറ്ററുമായിരുന്നു. ഇവ രണ്ടും സൂക്ഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ആനയുടെ മരണം സ്വാഭാവികമാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി വനംവകുപ്പ് അറിയിച്ചു.

ബന്ദിപ്പൂർ-നാഗർഹോൾ കടുവാ സങ്കേതങ്ങളിലാണ് ഭോഗേശ്വര താമസിച്ചിരുന്നത്, വനാതിർത്തിയിലെ ഗ്രാമവാസികൾക്കും വനപാലകർക്കും സുപരിചിതനായിരുന്നു. കബനി വനത്തിലെ ഭോഗേശ്വര ക്ഷേത്ര പരിസരത്താണ് ആന താമസിച്ചിരുന്നത്. അങ്ങനെയാണ് വനാതിർത്തിയിലെ ഗ്രാമവാസികൾ കാട്ടാനയ്ക്ക് ഭോഗേശ്വര എന്ന് പേരിട്ടത്. കബനിയുടെ തീരത്ത് ഭോഗേശ്വര എപ്പോഴും ഉണ്ടാകും. ഗ്രാമീണർക്കും വനപാലകർക്കും സുപരിചിതനായിരുന്നു.

കാട് കാണാൻ വരുന്ന വിനോദസഞ്ചാരികളുടെ ക്യാമറകൾക്കും ഭോഗേശ്വര മുഖം നൽകി. ഭോഗേശ്വരയുടെ വിയോഗ വാർത്ത എല്ലാവരേയും വേദനിപ്പിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ ആദരവോടെയാണ് ഭോഗേശ്വരയുടെ ശവസംസ്കാരം നടന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

By newsten