ലണ്ടൻ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 50-ാമത് പ്രൈഡ് ഘോഷയാത്ര ലണ്ടനിലെ തെരുവുകളിലൂടെ നടന്നു. 1972-ൽ ആണ് ലണ്ടനിൽ ആദ്യത്തെ പ്രൈഡ് ഘോഷയാത്ര നടന്നത്. ഗേ പ്രൈഡ് എന്നായിരുന്നു അന്ന് പരിപാടിയുടെ പേര്. ക്വീർ വ്യക്തികളുടെ സാന്നിദ്ധ്യം പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും അവർക്ക് തുല്യ നീതി ഉറപ്പാക്കുന്നതിനും ലക്ഷ്യം വച്ചുള്ളതായിരുന്നു അന്നത്തെ പ്രൈഡ് യാത്ര. ഈ വർഷത്തെ യാത്ര ആദ്യത്തെ മാർച്ചിനുള്ള ആദരസൂചകമായിരുന്നു. ക്വീർ വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുന്ന എല്ലാ രാജ്യങ്ങളിലും, ജൂൺ മുഴുവൻ പ്രൈഡ് മാസമായി ആചരിക്കാറുണ്ട്.
കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് വർഷമായി പലയിടത്തും പ്രൈഡ് ഘോഷയാത്രകൾ നടന്നിട്ടില്ല. ഇടവേളയ്ക്ക് ശേഷം നടന്ന യാത്രയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. 600 ലധികം എൽജിബിടിക്യു ഗ്രൂപ്പുകൾ മാർച്ചിൽ പങ്കെടുത്തു. നൃത്തവും ആലാപനവുമായി ധാരാളം ആളുകൾ പ്രൈഡ് ജാഥയിൽ അണിചേർന്നു.
1972-ലെ ആദ്യ മാർച്ചിന് അഞ്ചു വർഷത്തിനുശേഷം യുകെയിൽ സ്വവർഗലൈംഗികത നിയമവിധേയമായി. എച്ച് ഐവി/എയ്ഡ്സ് ബാധിതരെ ഒരുമിച്ച് നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവരിൽ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രൈഡിൽ ചർച്ച ചെയ്തു. മുമ്പ് കാഴ്ചക്കാരായി പോലീസുകാർ മാത്രമായിരുന്നിടത്ത് ഇന്ന് വലിയ ജനപങ്കാളിത്തമുണ്ട്.