ന്യൂഡല്‍ഹി: വഴിയോരക്കച്ചവടക്കാരുടെ വായ്പാ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി സ്കീമിന് കീഴിൽ വഴിയോരക്കച്ചവടക്കാർക്കുള്ള വായ്പാ തുകയാണ് വർദ്ധിപ്പിക്കുക. കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ ലോക്ക്ഡൗണിൽ പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി സ്കീം എന്ന പ്രത്യേക മൈക്രോ ക്രെഡിറ്റ് സൗകര്യം ആരംഭിച്ചു. ഇതിലൂടെ വഴിയോരക്കച്ചവടക്കാർക്ക് മൂന്ന് ഗഡുക്കളായി വായ്പ എടുക്കാം.
തെരുവിൽ കച്ചവടം നടത്തുന്ന രാജ്യത്തെ വ്യാപാരികൾക്ക് ഇത് ഒരു ആശ്വാസ വാർത്തയാണ്. തുക ഇരട്ടിയാക്കി ബിസിനസ് വിപുലീകരിക്കാൻ അവർക്ക് കഴിയും. 10,000, 20,000, 50,000 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് വ്യാപാരികൾക്ക് സാധാരണയായി വായ്പ ലഭിക്കുന്നത്. ഇതിൽ ആദ്യം നൽകുന്ന 10000 രൂപയുടെ ഗഡു ഇരട്ടിയാക്കാനാണ് പരിഗണിക്കുന്നത് എന്നാണ് സൂചന.
വഴിയോരക്കച്ചവടക്കാർക്ക് ഉപയോഗപ്രദമാണെങ്കിലും ആദ്യ ഗഡു 10,000 രൂപ മാത്രമാണ് എന്ന വസ്തുത വായ്പകളോടുള്ള താല്പര്യം കുറച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കാരണം ഈ തുക വച്ച് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനോ പുതുക്കാനോ ഉപയോഗിക്കാൻ കഴിയില്ലെന്ന് വാദമുണ്ടായിരുന്നു. ഇതോടെയാണ് ആദ്യ ഗഡു ഇരട്ടിയാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും പദ്ധതിയുണ്ടായത്.