കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യ, പൊതുസ്വത്ത് നശിപ്പിച്ചാൽ വെവ്വേറെ കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
ഹർത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി പ്രാഥമിക വാദം പൂർത്തീകരിച്ചത്. മിന്നൽ ഹർത്താൽ അംഗീകരിക്കാനാവില്ല. ഇത് നിയമവിരുദ്ധമാണ്. ഹർത്താൽ ആളുകളെ ബന്ദികളാക്കുന്നതാണ്. നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹർത്താൽ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.
പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഹർത്താൽ പ്രഖ്യാപിച്ചത്. ഇവർക്കെതിരെ കർശന നടപടിയാണ് ഹൈക്കോടതി സ്വീകരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഹർത്താലിന്റെ മറവിൽ നടക്കുന്ന വ്യാപകമായ ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. പൊതുമുതൽ നശിപ്പിക്കൽ, സ്വകാര്യസ്വത്ത് നശിപ്പിക്കൽ എന്നിവയ്ക്കെതിരെ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്ത് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.