Spread the love

ഡൽഹി: പ്രകോപനപരമായ പരാമർശം നടത്തിയതിന് എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഒവൈസിയെ കൂടാതെ നിരവധി പ്രമുഖർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബി.ജെ.പി പുറത്താക്കിയ മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാൽ, പീസ് പാർട്ടി ചീഫ് വക്താവ് ഷദാബ് ചൗഹാൻ, മാധ്യമപ്രവർത്തക സബ നഖ്‌വി എന്നിവരാണ് കേസിലെ പ്രധാനികൾ. പ്രവാചകനെതിരായ ബി.ജെ.പി വക്താക്കളുടെ പ്രസ്താവനകൾ വിവാദമായ സാഹചര്യത്തിലാണ് ഈ നീക്കം.

ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, അനിൽ കുമാർ മീണ, ഗുൽസാർ അൻസാരി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സസ്പെൻഷനിലായ ബിജെപി വക്താവ് നൂപുർ ശർമയ്ക്കും മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമെതിരെ സമാനമായ വകുപ്പുകൾ പ്രകാരം രണ്ടാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. സെക്ഷൻ153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം), 295 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരാധനാലയത്തെ വ്രണപ്പെടുത്തുകയോ അശുദ്ധമാക്കുകയോ ചെയ്യുക), 505 (പൊതു ദ്രോഹം സൃഷ്ടിക്കുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിവിധ ഗ്രൂപ്പുകളെ അക്രമത്തിന് പ്രേരിപ്പിക്കുകയും രാജ്യത്ത് പൊതു സമാധാനം നിലനിർത്തുന്നതിന് ദോഷകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തതിനാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) യൂണിറ്റ് ഇവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. മതം നോക്കാതെ നിരവധി പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഐഎഫ്എസ്ഒ) കെപിഎസ് മൽഹോത്ര പറഞ്ഞു. സംഭവത്തിൽ വിവിധ സോഷ്യൽ മീഡിയ കമ്പനികളുടെ പങ്കും യൂണിറ്റ് അന്വേഷിക്കുമെന്ന് മൽഹോത്ര പറഞ്ഞു.

By newsten