ആലപ്പുഴ: കള്ളുഷാപ്പ് കരാറുകാരൻ പാട്ടത്തിനെടുത്ത തെങ്ങും പനയും നമ്പറിട്ട് അത് ചെത്തുന്നുണ്ടോയെന്നു പരിശോധിക്കാൻ ഇനി ഇറങ്ങുന്നത് കുടുംബശ്രീക്കാർ. തെങ്ങിന്റെ എണ്ണം കൂട്ടികാണിച്ച് വ്യാജക്കള്ളു വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എക്സൈസ് വകുപ്പിന്റെ പുതിയ നടപടി.
സംസ്ഥാനത്ത് തൊഴിലാളികളുടെയും ചെത്തുന്ന തെങ്ങിന്റെയും പനയുടെയും കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. കള്ള് ഉൽപാദനവും വിപണനവും പരിശോധിക്കുമ്പോൾ വലിയ വ്യത്യാസമുണ്ട്. 10 ലക്ഷം ലിറ്റർ കള്ള് ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്ത് പ്രതിദിനം 20 ലക്ഷത്തിലധികം ലിറ്റർ കള്ള് വിൽക്കുന്നെന്നാണ് കണക്ക്. അതായത്, 10 ലക്ഷത്തിലധികം ലിറ്റർ വ്യാജ കള്ള് വിൽക്കപ്പെടുന്നു.
ഇതിന് പരിഹാരമെന്നോണമാണ് കുടുംബശ്രീയെ രംഗത്തിറക്കി എക്സൈസ് വകുപ്പ് പുതിയ പരീക്ഷണത്തിന് മുതിരുന്നത് . പാലക്കാട് ജില്ലയിലാണ് ഇത് ആദ്യം നടപ്പാക്കുക. തെങ്ങിന്‍തോട്ടം കൂടുതലുള്ളതും ഏറ്റവും കൂടുതല്‍ കള്ളുത്പാദിപ്പിക്കുന്നതുമായ സ്ഥലമായതിനാലാണ് പാലക്കാട് തിരഞ്ഞെടുത്തതെന്ന് അഡീഷണല്‍ എക്സൈസ് കമ്മിഷണര്‍(എന്‍ഫോഴ്സ്മെന്റ്) ഇ.എന്‍. സുരേഷ് പറഞ്ഞു.