കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഈ ശനിയാഴ്ച ആരംഭിക്കും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം നൽകും. 50 കോടി രൂപയാണ് സർക്കാർ സഹായമായി ലഭിച്ചത്. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ വേണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്.
ആദ്യഘട്ടത്തിൽ 65 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും സർക്കാർ ഫയൽ മടക്കി. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോൾ അടിയന്തര സഹായമായി കെ.എസ്.ആർ.ടി.സിക്ക് 50 കോടി രൂപ അനുവദിച്ചു. ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിന് മുമ്പ് നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
ശമ്പള വിതരണത്തിൽ കെ.എസ്.ആർ.ടി.സി ധനവകുപ്പിന്റെ സഹായം തേടിയതായി ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ധനസഹായം ലഭിച്ചാലുടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നഷ്ടരഹിത റൂട്ടുകളിൽ നിർത്തിവച്ച സർവീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കും. നിലവിലെ സാഹചര്യത്തിൽ വളരെയധികം നഷ്ടമുളളവ ഓടിക്കാൻ കഴിയില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.