കെ.എസ്.ആർ.ടി.സി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കെ.എസ്.ആർ.ടി.സിയെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ കറവപ്പശുവായി മാത്രമാണ് കണ്ടതെന്നും സുധാകരൻ പറഞ്ഞു.
കെ.എസ്.ആർ.ടി.സി വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയിലെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസം മാത്രം 190 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ഡീസലിനും ശമ്പളത്തിനും 172 കോടി മതി. എന്നിട്ടും ഡീസൽ ക്ഷാമത്തിന്‍റെ പേരിൽ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ സർവീസുകൾ വെട്ടിക്കുറച്ചതിനും താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും പിന്നിൽ മാനേജ്മെന്‍റിന്‍റെ ദുഷ്പ്രവണതകളാണെന്ന് സുധാകരൻ ആരോപിച്ചു.
ഇത് പ്രതിഷേധാർഹമാണ്, എണ്ണക്കമ്പനികളുടെ കുടിശ്ശിക 13 കോടി രൂപ അടച്ചാൽ ഇന്ധന ക്ഷാമം പരിഹരിക്കാൻ കഴിയും. താൽക്കാലിക പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ തൊഴിലാളികളെ കുറ്റപ്പെടുത്താനാണ് മാനേജ്മെന്‍റും സർക്കാരും ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.