തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. സിറ്റി സർക്കുലർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസുകൾ നടത്തുന്നതിനെതിരെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സിഐടിയു ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ ചർച്ച പ്രഹസനമാണെന്ന് ആരോപിച്ചാണ് സിഐടിയു ഇലക്ട്രിക് ബസ് സർവീസ് നിർത്തുമെന്ന് പ്രഖ്യാപിച്ചത്. ശമ്പളം നൽകാതെ പരിഷ്കാരങ്ങൾ കൊണ്ടുവരരുതെന്നാണ് യൂണിയനുകളുടെ പൊതുവായ പ്രതികരണം.
സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്ത് ബസുകൾ ട്രയൽ റൺ നടത്തിയിരുന്നു. 14 ബസുകളാണ് ഇന്നലെ തലസ്ഥാനത്ത് യാത്രക്കാരുമായി സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസവും ബസുകൾ ട്രയൽ റൺ നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസും ഇന്ന് ആരംഭിക്കും.
ആദ്യ ഘട്ടത്തിൽ സിറ്റി സർക്കുലർ സർവീസിന്റെ ഭാഗമായി 23 ബസുകൾ സർവീസ് നടത്തും. 50 ബസുകൾ ഓർഡർ ചെയ്തെങ്കിലും 25 ബസുകൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ബാക്കിയുള്ള ബസുകൾ ഓഗസ്റ്റ് പകുതിയോടെ എത്തും. കൂടുതൽ ബസുകൾ എത്തുന്നതോടെ ജന്റം ബസുകൾ പിൻ വലിക്കാനാണ് തീരുമാനം.