Spread the love

കൊച്ചി: അനാക്കൊണ്ട എന്നറിയപ്പെടുന്ന കെ.എസ്.ആർ.ടി.സിയുടെ ‘നെടുനീളന്‍ നീല ബസ്’ കൊച്ചിയിലെത്തി. തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടിലാണ് ഈ ബസ് ഓടിത്തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിയിലേക്ക് ആദ്യ യാത്ര നടത്തിയത്. രണ്ട് ബസുകള്‍ ചേര്‍ത്ത് വച്ചതു പോലെയാണ് ബസിന്റെ ആകൃതി. ഇതിന് 17 മീറ്റർ നീളമുണ്ട്. സാധാരണ ബസുകൾക്ക് പരമാവധി നീളം 12 മീറ്ററാണ്.

ഒരു ലിറ്റർ ഡീസലിന് 3 കിലോമീറ്റർ മൈലേജ് മാത്രമേ ഉള്ളൂ. അതിനാൽ, ലാഭത്തിൽ സര്‍വീസ് നടത്താൻ വളരെ ബുദ്ധിമുട്ടാണ്. 10 വർ ഷം മുമ്പ് കെ.എസ്.ആർ .ടി.സി പുറത്തിറക്കിയ ബസ്സാണിത്. ‘വെസ്റ്റിബ്യുള്‍ ബസ്’ എന്നാണ് പേര്. ഈ വിഭാഗത്തിലെ സംസ്ഥാനത്തെ ഏക ബസ് കൂടിയാണിത്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം എന്നിവിടങ്ങളിൽ പേരെടുത്ത ബസ് ഒടുവിൽ അവസാന ദിവസങ്ങളിൽ കൊച്ചിയിലെത്തി.

ട്രെയിനിന്റെ കോച്ചുകൾ ഒരുമിച്ച് ഘടിപ്പിച്ചിരിക്കുന്നതുപോലെ രണ്ട് ബസുകളുടെയും ഭാഗങ്ങൾ ഒരുമിച്ച് ഘടിപ്പിച്ചിട്ടുണ്ട്. 60 സീറ്റുകളാണുള്ളത്. തോപ്പുംപടി-കരുനാഗപ്പള്ളി റൂട്ടിൽ നിലവിൽ ട്രയൽ റൺ നടക്കുകയാണ്. വലിയ വളവുകളില്ലാത്ത പാതയാണിത്. അതുകൊണ്ടാണ് ഈ റൂട്ട് നീണ്ട ബസിനായി തിരഞ്ഞെടുത്തത്.

By newsten