Spread the love

കോട്ടയ്ക്കല്‍: കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാർ നിർധനരായ രണ്ട് കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. വർഷങ്ങളായി വാടക വീടുകളിൽ താമസിച്ചിരുന്ന പരേതനായ മദാരി അബു, കോട്ടയ്ക്കൽ മാങ്ങാട്ടിലിൽ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന കിഴക്കേപുരയ്ക്കൽ ശിവകുമാർ എന്നിവരുടെ കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത്. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ. വാര്യരുടെ സ്മരണാർത്ഥമായിരുന്നു ഈ സംരംഭം.ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിരിച്ചെടുത്ത തുകയാണ് ഉപയോഗിച്ചത്.

അർബുദ ബാധിതയായിരുന്ന മദാരി അബുവിന്‍റെയും ഭാര്യ സുബൈദയുടെയും ദുരവസ്ഥ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ഇതേതുടർന്ന് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് വില്ലൂരിൽ അഞ്ച് സെന്‍റ് സ്ഥലം വാങ്ങി. എന്നാൽ, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അബു മരിച്ചു, ഒരു വീട് എന്ന തന്‍റെ സ്വപ്നം ബാക്കിയായി. ഈ ഭൂമിയിലാണ് വീട് പണിതത്.

പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു ശിവകുമാർ. ജീവകാരുണ്യ പ്രവർത്തകരായ നാസർ മനു, ഫൈസൽ കോട്ടക്കൽ എന്നിവരുടെ ഇടപെടലിനെ തുടർന്ന് കോട്ടക്കൽ മദ്റസുംപടിയിൽ ഒരാൾ മൂന്ന് സെന്‍റ് സ്ഥലം സൗജന്യമായി നൽകി. ഈ സ്ഥലത്താണ് വീടു നിർമ്മിച്ചിരിക്കുന്നത്.

By newsten