Spread the love

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് എ.കെ.ജി സെന്‍ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നാളെ കണ്ണൂരിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും. തലശ്ശേരി ടൗൺഹാളിൽ നാളെ വൈകിട്ട് മൂന്ന് മണി മുതൽ പൊതുദർശനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിലേക്ക് തിരിക്കും.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. ഭാര്യ വിനോദിനിയും മക്കളായ ബിനീഷും ബിനോയിയും മരണസമയത്ത് ഒപ്പം ഉണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തി. മരണവിവരം അറിഞ്ഞ് സംവിധായകൻ പ്രിയദർശനും ആശുപത്രിയിലെത്തി.

സി.പി.എമ്മിനെ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി കോടിയേരി നയിച്ചിട്ടുണ്ട്. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എം.എൽ.എയായി. കർക്കശക്കാരായ കമ്യൂണിസ്റ്റുകാർക്കിടയിൽ എക്കാലവും സൗമ്യനും സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.

By newsten