കൊച്ചി: പത്തൊൻപതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സെക്സ് റാക്കറ്റ് ബന്ധം ഉൾപ്പെടെ അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. അറസ്റ്റിലായ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. കേസിൽ സെക്സ് റാക്കറ്റ്, മയക്കുമരുന്ന് എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും. മോഡലിന് മയക്കുമരുന്ന് നൽകിയോ എന്ന് സ്ഥിരീകരിക്കാൻ പരിശോധനാ ഫലം ലഭിക്കണമെന്നും ഇതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ അറസ്റ്റിലായ രാജസ്ഥാൻ സ്വദേശിയും മോഡലുമായ ഡിംപിൾ ലാമ്പയുടെ പശ്ചാത്തലം പരിശോധിച്ചു വരികയാണ്. ഇവരുടെ കെ.വൈ.സി രേഖകളടക്കം പരിശോധിക്കുന്നുണ്ട്. ഡിംപിൾ കൊച്ചിയിൽ എത്തിയിട്ട് എത്രകാലമായെന്ന് വ്യക്തമല്ലെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം, കൊച്ചി കൂട്ടബലാത്സംഗ കേസിൽ പ്രാഥമിക തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച അപേക്ഷ നൽകും. ഇവരെ കസ്റ്റഡിയിൽ എടുത്താൽ ഒരാഴ്ചത്തേക്ക് ചോദ്യം ചെയ്യും. ഇതോടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.