കുട്ടികൾക്കായി ‘കിഡു കിഡ്സ്’ എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ് സി.പി.എം. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് എത്തിക്കുകയാണ് ചാനലിന്റെ ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിപാടികളും അവതരിപ്പിക്കും.
ജൂലൈ 24ന് ചാനലിന്റെ വരിക്കാരെ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി കാമ്പയിനും സംഘടിപ്പിക്കും. സംസ്ഥാനത്ത് ബാലസംഘം യൂണിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയുടെയോ വർഗ, ബഹുജന സംഘടനകളുടെയോ നേരിട്ടുള്ള ഉടമസ്ഥതയിലല്ല ചാനൽ പ്രവർത്തിക്കുക. ചാനലിൽ പ്രക്ഷേപണം ചെയ്യേണ്ട കുട്ടികളുടെ പരിപാടികൾ ബാലസംഗമത്തിലൂടെ നൽകും.
സി.പി.എമ്മിന്റെ നവമാധ്യമ വിഭാഗം രൂപകൽപ്പന ചെയ്ത ചാനലിന്റെ ട്രയൽ റൺ ആരംഭിച്ചു. കുട്ടികൾ അവതരിപ്പിക്കുന്ന കവിതാ ആലാപനം, നൃത്തം, നാടകം തുടങ്ങിയ സാംസ്കാരിക പരിപാടികളും ശാസ്ത്രബോധം വളർത്തുന്ന പരിപാടികളും ചാനലിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെടുന്നു. ബാലസംഘവും സി.പി.എമ്മിന്റെ നവമാധ്യമ വിഭാഗവും ചേർന്നാണ് ചാനലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സങ്കീർണമായ ശാസ്ത്രതത്വങ്ങളും ശാസ്ത്രകൗതുകങ്ങളും ലളിതവും രസകരവുമായി അവതരിപ്പിക്കുന്ന എഴുത്തുകാരൻ പ്രൊഫ. എസ് ശിവദാസിന്റെ പരിപാടികളും സംപ്രേഷണം ചെയ്യും.