തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും കോളേജുകളിലും കുട്ടികളെ പരിപാലിക്കാൻ കൂടുതൽ ക്രഷുകൾ ഏർപ്പാടാക്കുന്നു. പ്രവർത്തനരഹിതമായ ക്രഷുകൾ പുനരുജ്ജീവിപ്പിക്കാനും മാറ്റിസ്ഥാപിക്കാനുമുള്ള നടപടികൾ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ചു. പ്രസവാനുകൂല്യനിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സ്ഥാപനങ്ങളിലേക്കും സർക്കാർ, എയ്ഡഡ് കോളേജുകളിലേക്കുമാണ് ക്രഷുകൾ മാറ്റുന്നത്.
നാഷണൽ ക്രഷ് പദ്ധതിയുടെ ഭാഗമായി സർക്കാർ ഏറ്റെടുത്ത് നടത്തിയിരുന്ന ചൈൽഡ് കെയർ സെന്ററുകളുടെ പ്രവർത്തനം ഇതിനിടയിൽ നിലച്ചിരുന്നു. പബ്ലിക്ഓഫീസ്, സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് തുടങ്ങിയ പ്രധാന സർക്കാർ ഓഫീസുകളിലേക്കാണ് ഇവ മാറ്റുന്നത്. 11 ജില്ലകളിലായി 20 ക്രഷുകൾ മാറ്റി സ്ഥാപിക്കും. ജോലി സമയവും ഫീസും സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
കുട്ടികളുടെ പരിചരണത്തോടൊപ്പം ശുചിത്വത്തിനും മാനസിക ക്ഷേമത്തിനും ക്രഷിൽ മുൻഗണന നൽകും. പ്രീ സ്കൂൾ പ്രവർത്തനങ്ങളും നിരീക്ഷണവും നടത്തും. അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ക്രഷിന് രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുലയൂട്ടൽ കേന്ദ്രം, ശിശു നിരീക്ഷണ ഉപകരണങ്ങൾ, തൊട്ടിൽ, ശിശുസൗഹൃദ ഉപകരണങ്ങൾ, സി.സി.ടി.വി ക്യാമറകൾ തുടങ്ങിയവയ്ക്ക് 1.5 ലക്ഷം രൂപയും കുട്ടികൾക്ക് കിടക്കകൾ, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റുകൾ, പായകൾ എന്നിവയ്ക്ക് 50,000 രൂപയും ലഭിക്കും.