കോഴിക്കോട്: വിദേശ രാജ്യങ്ങളുടെ മാതൃകയിൽ ബേപ്പൂരിൽ ടൂറിസം വകുപ്പ് വാട്ടർ അഡ്വഞ്ചർ ടൂറിസം പരിപാടികൾക്ക് തുടക്കമിടുന്നു. ബേപ്പൂരിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ആദ്യ സർഫിംഗ് സ്കൂൾ ബേപ്പൂരിലെ ഗോതീശ്വരം ബീച്ചിൽ തുറക്കും.
സംസ്ഥാനത്തെ ആദ്യ സർഫിംഗ് സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച രാവിലെ 9ന് നിർവഹിക്കും. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിക്കും. കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായിരിക്കും.
ബേപ്പൂർ മേഖലയിൽ ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാന്‍ പോകുന്ന കടലിലെ അഡ്വഞ്ചർ ടൂറിസം ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ക്ക് ഏറെ ആസ്വദിക്കാന്‍ കഴിയുന്നതോടൊപ്പം വരുമാനമാര്ഗമുണ്ടാക്കാനുമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.