തിരുവനന്തപുരം: നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ കേരള സർവകലാശാലയ്ക്ക് നൽകിയ എ പ്ലസ് പ്ലസ് ഗ്രേഡ് ചരിത്രനേട്ടമാണെന്ന് മുഖ്യമന്ത്രി. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു സർവകലാശാലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഈ അംഗീകാരം ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉത്തേജനം നൽകും. മറ്റ് സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികച്ച സമ്പ്രദായങ്ങളുമായി മുന്നോട്ടുപോകാൻ ഇത് പ്രചോദനമാകണം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ ഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ നേട്ടത്തിനായി പരിശ്രമിച്ച കേരള സർവകലാശാലയെ അഭിനന്ദിക്കുന്നു. കൂടുതൽ ഉയരങ്ങൾ താണ്ടാൻ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.