Spread the love

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സംഘം പറമ്പിക്കുളം ഡാം സന്ദർശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാടിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ഉൾപ്പെടുന്ന സംഘത്തോടൊപ്പം കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘവും ചേരും. ഇവർ ആവശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് തമിഴ്നാടിന് കത്തയക്കാനാണ് തീരുമാനം.

ഡാമിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻഡിൽ 15,200 ഘനയടിയായി കുറഞ്ഞു. ഇത് അപകടകരമല്ല. വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിക്ക് സാമ്പത്തിക നഷ്ടമുണ്ടാകും. ഏതാനും മാസങ്ങൾക്ക് മുമ്പ് പറമ്പിക്കുളവും തൂണക്കടവും ഒരുമിച്ച് തുറന്ന് സെക്കൻഡിൽ 32,000 ഘനയടി വരെ വെള്ളം തുറന്നുവിട്ടിരുന്നു. അപ്പോഴും വെള്ളം അപകടകരമാംവിധം ഉയർന്നിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നും മന്ത്രി പറഞ്ഞു. 

കാലവർഷത്തിന് മുമ്പ് തന്നെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം കേരളത്തിലെ ഡാമുകളിൽ പരിശോധന നടത്തുന്നുണ്ട്. അതിനാൽ കേരളത്തിലെ ഡാമുകളുടെ ഷട്ടറുകളുടെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

By newsten